ലോകത്തിൽ 31 രാജ്യങ്ങളിൽ വേരുകളുള്ള ഇന്ത്യൻ മോട്ടോർസൈക്കിൾ കമ്പനിയാണ് ഹീറോ മോട്ടോകോർപ്. അതുകൊണ്ട് തന്നെ, ഓരോ മാർക്കറ്റിനനുസരിച്ചാണ് മോഡലുകൾ ഇറക്കുന്നത്. ഇന്ത്യയിൽ നിന്ന് വിട്ടുപോയ മോഡലുകളും പേരുകളും ഇപ്പോഴും പല രാജ്യങ്ങളിലും ജീവനോടെയുണ്ട്.
അങ്ങനെ ഒരാളുടെ പുതിയ വേർഷൻ കോളംബിയയിൽ അവതരിപ്പിച്ചിരിക്കുകയാണ്. ഇന്ത്യയിൽ നിലവിലുള്ള എക്സ്ട്രിം 160 ആർ 2 വാൽവിൻറ്റെ കോളംബിയയിലെ പേര് ഹങ്ക് 160 എന്നാണ്. അതിൽ പുതിയൊരു വേർഷൻ കൊണ്ടുവന്നിരിക്കുകയാണ് ഹീറോ. ആർ എസ് എന്ന വാലുമായി എത്തുന്ന ഇവൻറെ മാറ്റങ്ങൾ നോക്കാം.
എൻജിനിൽ വലിയ മാറ്റങ്ങളില്ല. പകരം രൂപത്തിലുള്ള അപ്ഡേഷനിലാണ് പുത്തൻ മോഡൽ എത്തുന്നത്. മുന്നിൽ നിന്ന് തുടങ്ങിയാൽ കിരീടം വച്ചത് പോലെ ചെറിയ വിൻഡ് ഷിൽഡ് വന്നിരിക്കുന്നു. ഹാൻഡ് ഗാർഡ്, എൻജിൻ ഗാർഡ് വിത്ത് സ്ലൈഡർ, വലിയ ഗ്രാബ് റെയിൽ എന്നിവയാണ് പൊതുവായ മാറ്റങ്ങൾ.
ആർ എസിൽ തന്നെ ചുവന്ന അലോയ് വീലുമായി എത്തുന്ന ഒരു ഓപ്ഷൻ കൂടിയുണ്ട്. ഇതൊക്കെയാണ് ആർ എസിന് വന്നിരിക്കുന്ന പ്രധാന മാറ്റങ്ങൾ. അവിടെയും എതിരാളിയായി എത്തുന്നത് നമ്മുടെ അപ്പാച്ചെ ആർ ട്ടി ആർ 160 4വി തന്നെ.
കഴിഞ്ഞ വർഷം മിയാമി ബ്ലൂ നിറത്തിൽ കൊളംബിയയിൽ ഈ മാറ്റങ്ങളുമായി അപ്പാച്ചെ സീരിസ് പ്രദർശിപ്പിച്ചിരുന്നു. അതിന് മറുപടിയായിട്ടാണ് ആർ എസ് വേർഷൻ എത്തുന്നത്. ഇവനൊപ്പം നമ്മുടെ എക്സ്ട്രെയിം 200 ആർ – ഹങ്ക് 190 എന്ന പേരിലും, നമ്മുടെ പഴയ ഹങ്ക് – ത്രില്ലെർ പ്രൊ എന്ന പേരിലും കൊളംബിയയിൽ നിലവിലുണ്ട്.
Leave a comment