യമഹയുടെ ബിഗ് ബൈക്കുകൾ ഇന്ത്യയിൽ നിന്ന് പിൻവാങ്ങിയിട്ട് മൂന്നാം വർഷത്തിലേക്ക് കടക്കുകയാണ്. ബി എസ് 6 നെ തുടർന്ന് ഇന്ത്യ വിട്ട് പോയ മോഡലുകൾ ഈ വർഷം തിരിച്ചു വരവിന് ഒരുങ്ങുക്കയാണ്. എന്നാൽ ഈ മൂന്ന് വർഷങ്ങൾക്കിടയിൽ ഇന്റർനാഷണൽ മാർക്കറ്റിൽ ഈ മോഡലുകൾക്കെല്ലാം മാറ്റങ്ങൾ വന്നിട്ടുണ്ട്. അങ്ങനെയുള്ള ഒരു മാറ്റത്തിൻറെ കഥയാണ് ഇന്ന്.
ജപ്പാനിൽ വിചിത്രമായ പല മോഡലുകളും ഉള്ള മാർക്കറ്റാണ്. അവിടെയാണ് ആർ 3, ആർ 25 ഉം ഒരു പോലെ വില്പന നടത്തുന്നത്. അതിൽ ചെറിയവൻ ആർ 25 ന് പുതിയ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുകയാണ് യമഹ. പുതിയ തലമുറ ആർ 3 യുടെ ഡിസൈൻ അങ്ങനെ തന്നെ തുടരുമ്പോൾ തന്നെ.

2023 എഡിഷനിൽ വന്നിരിക്കുന്ന ആദ്യ മാറ്റം നിറത്തിലാണ്. ഡാർക്ക് ബ്ലൂവിഷ് പാർപ്പിൾ മെറ്റാലിക് എന്ന നിറമാണ് പുതുതായി എത്തിയിരിക്കുന്നത്. ഇതോടെ ബ്ലാക്ക്, ബ്ലൂ നിറങ്ങൾക്കൊപ്പം മൂന്ന് നിറങ്ങളിൽ ആർ 25 ഇപ്പോൾ അവിടെ ലഭ്യമാണ്.
യമഹയുടെ നിരയിൽ ഒരു തലമുറ മാറ്റത്തിന് കൂടി ഒരുങ്ങുകയാണ് ഇവൻ. വലിയ മോഡലുകൾക്ക് വരെ ഹാലൊജൻ ഇൻഡിക്കേറ്റർ നൽകിയിരുന്ന യമഹ. ആർ 3 ക്ക് മുൻപ് തന്നെ ആർ 25 വിൽ എൽ ഇ ഡി ഇൻഡിക്കേറ്റർ ഘടിപ്പിച്ചു കഴിഞ്ഞു. ഇന്ത്യയിലും ഈ മാറ്റം ഉടനെ നമ്മുടെ ചെറിയ മോഡലുകളിലും ഉണ്ടാകും.
249 സിസി, ലിക്വിഡ് കൂൾഡ്, ഇൻലൈൻ 2 സിലിണ്ടർ എൻജിന് കരുത്ത് 35 പി എസും, ടോർക് 23 എൻ എം ആണ്. 6 സ്പീഡ് ട്രാൻസ്മിഷൻ കരുത്ത് 140 സെക്ഷൻ പിൻ ടയറിലേക്കാണ് എത്തിക്കുന്നത്. മുന്നിൽ 110 സെക്ഷൻ ടയർ നൽകിയപ്പോൾ, മുന്നിലും പിന്നിലും സിംഗിൾ ഡിസ്ക് ബ്രേക്കാണ്. യാത്രയിൽ കൂടുതൽ നിയന്ത്രണം നൽകുന്നതിനായി യൂ എസ് ഡി യും മോണോ സസ്പെൻഷനുമാണ്.

ഒപ്പം ഇലെക്ട്രോണിക്സിൻറെ അതി പ്രസരം ഒന്നും ജപ്പാനിൽ കാണാൻ സാധിക്കില്ല. എൽ സി ഡി മീറ്റർ കൺസോൾ തന്നെ തുടരുമ്പോൾ. ആകെയുള്ളത് എ ബി എസ്, സ്ലിപ്പർ ക്ലച്ച് എന്നീ സുരക്ഷ സംവിധാനങ്ങളും ഓപ്ഷനായി ക്വിക്ക് ഷിഫ്റ്ററുമാണ്.
ഇനി വിലയിലേക്ക് കടന്നാൽ ഇന്ത്യൻ രൂപയുമായി താരതമ്യേപ്പെടുത്തുമ്പോൾ 4.37 ലക്ഷം രൂപയാണ് അവിടത്തെ വില. ജപ്പാനിലെ പ്രധാന എതിരാളി നിൻജ 250 യാണ്.
Leave a comment