ഇന്ത്യയിൽ 2011 മുതൽ മോട്ടോർസൈക്കിളുകളിൽ സ്‌പോർട്ടി മോഡലുകൾ എത്തി തുടങ്ങി. ഓരോ വർഷവും ഈ മാർക്കറ്റ് പുഷ്ട്ടിപ്പിടിക്കുന്നത് കണ്ട സുസുക്കിയും ഇവിടെക്ക് ഒരാളുമായി എത്തി. ഇന്നത്തെ പോലെ അന്നും മോട്ടോർസൈക്കിൾ നിരയിൽ പണിയെടുക്കാൻ ഒന്നും സുസുക്കി തയ്യാറായിരുന്നില്ല.
ഇന്റർനാഷണൽ മാർക്കറ്റിൽ നന്നായി ഓടിക്കൊണ്ടിരുന്ന ഇനാസുമ 250 യെ ഇന്ത്യയിലേക്ക് കെട്ടിയിറക്കി. ഡിസൈൻ നോക്കിയാൽ ഇന്നും നിറഞ്ഞ സദസ്സിൽ ഓടുന്ന ഹയബൂസയുടെ നേക്കഡ് സഹോദരൻ ബി കിങിൻറെ ചെറിയ വേർഷനായിരുന്നു ഇനാസുമ.

വലിയ മഡ്ഗാർഡ്, ബി കിങിനോട് സാമ്യമുള്ള ഹെഡ്‍ലൈറ്റ്, ടാങ്ക് ഷോൾഡറിൽ ഉറപ്പിച്ച ഇൻഡിക്കേറ്റർ, വലിയ – ഇന്ധനടാങ്ക്, സീറ്റ്. ഇപ്പോഴുള്ള ജിക്സറിൽ കാണുന്ന തരം കുറച്ചു കൂടി വലുതായ ടൈൽ ലൈറ്റ്. എന്നിങ്ങനെ ബി കിങിനൊപ്പം വലുപ്പം തോന്നിക്കും ഇവനെ കണ്ടാൽ. ( കുറച്ചു കൂട്ടി പറഞ്ഞതാണ് )
ഇരട്ട സിലിണ്ടർ മോഡലായിരുന്നതിനാൽ വലിയ ഇരട്ട എക്സ്ഹൌസ്റ്റ് ( ബി കിങ്ങിനെ പോലെ അല്ല ) പുത്തൻ മോഡലിന് ഉണ്ടായിരുന്നു. എൻജിൻ സൈഡിലും ആളൊരു ജങ്കാർ സാധനമായിരുന്നു. 250 സിസി, ലിക്വിഡ് കൂൾഡ് ഇരട്ട സിലിണ്ടർ എൻജിൻറെ കരുത്താണ് മെയിൻ ഹൈലൈറ്റ്.
24 പി എസ് കരുത്തും, 22 എൻ എം ടോർക്കും ഉല്പാദിപ്പിക്കുന്ന ഈ എൻജിൻ. ഭാരം നോക്കിയാൽ 182 കെ ജി യോളം വരും. അതോടെ പ്രധാന എതിരാളിയായ സിംഗിൾ സിലിണ്ടർ സി ബി ആർ 250 ആർ വരെ ഇവനെ സുഖമായി മത്സരിച്ച് തോല്പിക്കുന്ന അവസ്ഥയായി.
എന്നാൽ അധിക കാലം സി ബി ആറിന് ഇവനുമായി മത്സരിക്കേണ്ടി വന്നില്ല. ഏകദേശം 3 ലക്ഷം രൂപ ആയായിരുന്നു ഇവൻറെ ഇന്ത്യയിലെ എക്സ് ഷോറൂം വില. അതിന് കാരണം സുസുക്കിയുടെ നേരത്തെ പറഞ്ഞ മടിയായിരുന്നു. ജപ്പാനിൽ നിന്ന് സി കെ ഡി യൂണിറ്റായാണ് ഇവൻ എത്തിയിരുന്നത്.

അന്ന് എതിരാളിയായ സി ബി ആർ 250 ആറിൻറെ വില തുടങ്ങുന്നത് 1.64 ലക്ഷത്തിനായിരുന്നു എന്നതും ചരിത്രം. അതുകൊണ്ട് തന്നെ അധികം വില്പന നടത്തി സുസുക്കിക്ക് വിഷമിക്കേണ്ടി വന്നില്ല. 2014 ജനുവരിയിൽ വില്പന തുടങ്ങിയ ഇനാസുമ ഡിസംബർ ആവുമ്പോളേക്കും എങ്ങനെയെങ്കിലും വന്ന യൂണിറ്റുകൾ വില്പന നടത്താനായി. ഒരു ലക്ഷം രൂപ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചു.
ഇതിനൊപ്പം ഇനി കുറച്ചു നല്ല കാര്യങ്ങൾ പറയാതെ എങ്ങനെ അവസാനിപ്പിക്കും. മികച്ച റൈഡിങ് ക്വാളിറ്റി, മികച്ച സ്മൂത്ത് എൻജിൻ എന്നിവയാണ് എടുത്ത് പറയേണ്ട നല്ല വശങ്ങളാണ്. അങ്ങനെ ഇനാസുമയുടെ വിശേഷങ്ങൾ ഇവിടെ തീരുമ്പോൾ.
നാളെ നമ്മൾ പോകുന്നത് ഇന്ത്യയിൽ എത്തിയ ഡ്യൂക്ക് 390 യെക്കാളും കരുത്തുള്ള സിംഗിൾ സിലിണ്ടർ മോഡലിൻറെ എടുത്തേക്കാണ്. അപ്പോൾ നാളെ കാണാം.
Leave a comment