വേഗത, എൻജിൻ, വില എന്നിവയാണ് ബാക്കി മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ 390 യെ മുന്നിൽ എത്തിക്കുന്ന ഘടകങ്ങൾ. ഇന്ത്യയിൽ ഇവനെ വെല്ലുന്ന മോട്ടോർസൈക്കിൾ ഇല്ലെങ്കിലും വിദേശത്ത് ഒരാൾ ജനിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയിൽ വിപണിയിൽ എത്താൻ ഒരുങ്ങുന്ന സി എഫ് മോട്ടോയുടെ 450 എസ് ആർ ആണ് ഈ വെല്ലുവിളി ഉയർത്തുന്നത്.
ആദ്യം ഡിസൈൻ
ഇനി ഇരുവരെയും ഒന്ന് താരതമ്യം ചെയ്ത് നോക്കാം. ആദ്യം ഡിസൈൻ ഇപ്പോഴത്തെ ഡിസൈനുമായി താരതമ്യം ചെയ്യുമ്പോൾ 450 എസ് ആറിന് തന്നെയാണ് മുൻതൂക്കം. അല്ലെങ്കിലും ഡിസൈനിൽ ചൈനീസ് ബൈക്കുകളുടെ ഇടയിൽ സി എഫ് മോട്ടോയുടെ തട്ട് താന്ന് തന്നെ നിൽക്കും.
അതിന് പ്രധാന കാരണം കെ ട്ടി എം തന്നെയാണ്. ചൈനയിൽ സി എഫ് മോട്ടോയാണ് കെ ട്ടി എമ്മിൻറെ പങ്കാളി. അതുകൊണ്ട് തന്നെ ഡിസൈനിങ്ങിൽ നല്ല രീതിയിൽ തന്നെ കെ ട്ടി എം സഹായിക്കുന്നുണ്ട്.
വീണ്ടും എസ് ആറിലേക്ക് വന്നാൽ ഇന്ത്യയിൽ ഈ ഡിസൈനിൽ തന്നെ കീവേക്ക് മോഡലുണ്ട്. കെ 300 ആറിൻറെ അതേ ഡിസൈനിൽ തന്നെയാണ് ഇവനും. അതേ ഇരട്ട ഹെഡ്‍ലൈറ്റ്, ക്ലിപ്പ് ഓൺ ഹാൻഡിൽ ബാർ, മസ്ക്കുലാർ ഇന്ധന ടാങ്ക്, സ്പ്ലിറ്റ് സീറ്റ് എന്നിങ്ങനെയെല്ലാം ഒരേ അച്ചിൽ തന്നെ.
വലിയ മോഡലായതിനാൽ കുറച്ച് അപ്ഡേഷനും നല്കിയിട്ടുണ്ട്. സൂപ്പർ താരങ്ങളെ പോലെ ഡൌൺ ഫോഴ്‌സ് കൂട്ടുന്നതിനായി വിങ്ലെറ്റ് ഫയറിങ്ങിൽ ഘടിപ്പിച്ചിട്ടുണ്ട്. ടാങ്കിലും ഫയറിങ്ങിലും കാർബൺ ഫൈബർ ഫിനിഷാണ്. അണ്ടർ ബെല്ലി എക്സ്ഹൌസ്റ്റിന് പകരം ട്രഡിഷണൽ സ്പോർട്സ് ബൈക്കുകളിൽ കാണുന്നത് പോലെ കുറച്ച് ഉയർന്നാണ് എക്സ്ഹൌസ്റ്റിൻറെ നിൽപ്പ്.

ആർ സി യുടെ ശക്തി കേന്ദ്രത്തിലേക്ക്
അങ്ങനെ ഡിസൈൻ കഴിഞ്ഞ് ആർ സി യുടെ ഏറ്റവും വലിയ ശക്തികേന്ദ്രത്തിലേക്കാണ് ഇനിയുള്ള പോക്ക്. വേഗത, ആർ സി 390, 4.2 സെക്കൻഡ് കൊണ്ട് 100 കിലോ മീറ്റർ വേഗത കൈവരിക്കുമ്പോൾ. 0 .8 സെക്കൻഡ് കൂടി വേണം എസ് ആറിന്. എന്നാൽ പരമാവധി വേഗതയിൽ എസ് ആർ മുന്നിൽ നിൽക്കും. ആർ സി യെക്കാളും മണിക്കൂറിൽ 10 കിലോ മീറ്റർ വേഗത കൈവരിച്ച് 190 ൽ മുട്ടും എസ് ആറിൻറെ വേഗതയുടെ മീറ്റർ.
ഇനി പവർ പ്ളാൻറ്, ആർ സി 390 യെക്കാളും എസ് ആറിന് ഒരു സിലിണ്ടർ കൂടുതലുണ്ട്. 450 സിസി, പാരലൽ ട്വിൻ സിലിണ്ടർ, ഡി ഒ എച്ച് സി എൻജിന് കരുത്ത് 46 പി എസ് ആണ്. ടോർക് 39.3 എൻ എം. 168 കെജി മാത്രം ഭാരമുള്ള ഇവൻറെ വിലയാണ് വേറൊരു ഹൈലൈറ്റ്.

ഔട്രേലിയൻ വില
ഔട്രേലിയൻ വിപണിയിൽ എത്താൻ ഒരുങ്ങുന്ന ഇവന്. 4.55 ലക്ഷം രൂപയാണ് ഇന്ത്യൻ രൂപയുമായി താരതമ്യപ്പെടുത്തുമ്പോൾ അവിടത്തെ വില. ആർ സി 390 ക്ക് ആകട്ടെ 4.79 ലക്ഷവും. എന്നാൽ വില കുറവിന് പിന്നിൽ ചില വെട്ടി കുറക്കലുകൾ നടത്തിയിട്ടുണ്ട്. 5 ഇഞ്ച് ട്ടി എഫ് ട്ടി ഡിസ്പ്ലേ, ക്വിക്ക് ഷിഫ്റ്റെർ, സ്ലിപ്പർ ക്ലച്ച്, ബ്ലൂ ട്ടുത്ത് കണക്റ്റിവിറ്റി എന്നിവയിൽ ഒതുങ്ങും ഇവൻറെ ഫീച്ചേഴ്‌സ് ലിസ്റ്റ്.
ഇന്ത്യൻ ലോഞ്ച് ഉണ്ടാകാൻ സാധ്യത കുറവാണ്. കോവ് മോഡലുകളെ പോലെ ഇവനും ഒരു സ്വപ്‍നം മാത്രമായി ഒതുങ്ങാനാണ് സാധ്യത തെളിയുന്നത്. എന്നാൽ ഇന്ത്യയിൽ എത്തിയാലും ഈ വിലക്ക് കിട്ടാൻ വഴിയില്ല. കാരണം സിംഗിൾ സിലിണ്ടർ കെ 300 ആറിന് 2.99 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. ആർ സി 390 ക്ക് ആകട്ടെ 3.16 ലക്ഷവും.
Leave a comment