ചൈനീസ് ഇരുചക്ര ബ്രാൻഡായ എം ബി പി തങ്ങളുടെ 650 സിസി ക്രൂയ്സർ സി 650 വി അവതരിപ്പിച്ചു. ക്രൂയ്സർ നിരയിലെ കരുത്തനായ റോക്കറ്റ് 3, ഡയവൽ, ഫാറ്റ് ബോബ് എന്നിവരുടെ ഡിസൈനിൽ നിന്ന് പ്രജോദനം ഉൾക്കൊണ്ടാണ് പുത്തൻ മോഡൽ എത്തുന്നത്. അല്ലാതെ സ്ഥിരം പണിയായ ഒരു മോഡലിൽ നിന്ന് അങ്ങനെ തന്നെ കോപ്പി അടിക്കുകയല്ല ചെയ്തത്. ഒപ്പം രൂപത്തിൽ ഇവനെ കുറച്ച് സൗമ്യനാക്കിയിട്ടുമുണ്ട്.
ആദ്യം മുന്നിൽ നിന്ന് തുടങ്ങിയാൽ ഹെഡ്‍ലൈറ്റ് കവിൾ ഫാറ്റ് ബോബിൽ നിന്ന് തന്നെ. എന്നാൽ ഉള്ളിലെ എൽ ഇ ഡി ഇല്ല്യൂമിനേഷൻ വ്യത്യസ്ത രീതിയിലാണ്. വലിയ തടിച്ച ടയർ എന്നിവ റോക്കറ്റ് 3, ഫാറ്റ് ബോബ് എഫക്റ്റ് ആണെങ്കിൽ സ്പോക്ക് വീലുകൾ എം ബി പി എഫക്റ്റ് ആണ്. ടാങ്കിൽ ഉറപ്പിച്ച ഒരു മീറ്റർ കൺസോൾ സെക്ഷനും ടാങ്കിൽ ഇരുവശത്തും എയർ സ്കൂപ്പുകളും ഇറ്റാലിയനോട് ചേർന്ന് നിൽക്കുന്നത്. തടിച്ച് ഉരുണ്ട് എക്സ്ഹൌസ്റ്റ് വീണ്ടും അമേരിക്കകാരനോട് ഒപ്പം നിർത്തുന്നത്. സീറ്റ്, ടൈൽ സെക്ഷൻ ബ്രിട്ടീഷ്കാരനോടാണ് ചായ്‌വ്. എന്നാൽ ഈ മൂന്ന് മോഡലുകൾക്കുള്ള ഒരു ഭീകരത കുറച്ചാണ് ഇവനെ എം ബി പി യുടെ ഡിസൈൻ ടീം ഒരുക്കിയിരിക്കുന്നത്.

എൻജിനിലും കവാസാക്കിയെ വിറപ്പിച്ച മോഡലിന്റേത് പോലെയുള്ള ഞെട്ടിക്കുന്ന സ്പെസിഫിക്കേഷൻ അവകാശപ്പെടാനില്ല. എന്നാൽ ഒരു ചായ്‌വ് ഫാറ്റ് ബോബുമായാണ്. വി ട്വിൻ 647 സിസി, ലിക്വിഡ് കൂൾഡ്, 68 ബി എച്ച് പി കരുത്തും 62 എൻ എം ടോർക്കും ഉല്പാദിപ്പിക്കുന്ന ഇവൻറെ പരമാവധി വേഗത 175 കിലോ മീറ്റർ ആണ്. കെ വൈ ബി യുടെ യൂ എസ് ഡി ഫോർക്കും, ഡ്യൂവൽ ഷോക്ക് അബ്സോർബർസ് എന്നിവക്കൊപ്പം നിസ്സിൻറെ ഡ്യൂവൽ ഡിസ്ക് മുന്നിലും പിന്നിൽ സിംഗിൾ ഡിസ്ക് ബ്രേക്കുമാണ് നൽകിയിട്ടിരിക്കുന്നത്. 2023 ൽ യൂറോപ്യൻ മാർക്കറ്റിൽ എത്തുന്ന ഇവൻറെ വിലയുടെ കാര്യം ഇപ്പോൾ തീരുമാനമായിട്ടില്ല.
എന്നാൽ ഇന്ത്യയിൽ എത്തുന്ന കാര്യം പരിഗണനയിലുണ്ട്. ഇന്ത്യയിൽ ചൈനീസ് ബ്രാൻഡുകൾ അവതരിപ്പിക്കുന്ന ആദിസ്വർ ഇവനെയും ഇന്ത്യയിൽ എത്തിക്കാൻ പദ്ധതിയുണ്ട് എന്നാണ് ഇപ്പോൾ കിട്ടുന്ന റിപോർട്ടുകൾ. 125, 300 സിംഗിൾ സിലിണ്ടർ എഞ്ചിനിലും, 500 പാരലൽ ട്വിൻ, 650,1000 സിസി – വി ട്വിൻ മോഡലുകൾ വരെ യൂറോപ്പിൽ എം ബി പി വില്പന നടത്തുന്നുണ്ട്.
Leave a comment