ലോകം മുഴുവൻ സാഹസിക തരംഗമാണ്. സാഹസികർ എത്തി കോളം തികഞ്ഞപ്പോൾ ഇനി അതിൽ എന്ത് വ്യത്യാസമാണ് കൊണ്ടുവരുന്നത് എന്നായി ചിന്ത. അങ്ങനെ കെ ട്ടി എം എത്തി നിൽക്കുന്നത് എസ് എം ട്ടി വേർഷനിലാണ്. പുതിയ കണ്ടുപിടുത്തം ഒന്നുമല്ല.

സാഹസികനിൽ തന്നെ 990 എസ് എം ട്ടി എന്ന മോഡൽ 2006 മുതൽ 2013 വരെ നിലവിൽ ഉണ്ടായിരുന്നു. എസ് എം ട്ടി എന്ന് കൊണ്ട് കെ ട്ടി എം ഉദ്ദേശിക്കുന്നത് സൂപ്പർ മോട്ടോ ടൂറിംഗ് എന്നാണ്. കൂടുതൽ ചൂഴ്ന്ന് നോക്കിയാൽ ഡ്യൂക്കും സാഹസികനും ജ്യൂസ് അടിച്ചാൽ എങ്ങനെ ഇരിക്കും അതുപോലെയുള്ള ഒരു സാധനം. അപ്പോൾ എസ് എം ട്ടി യുടെ വിശദാംശങ്ങളിലേക്ക് കടക്കാം.
ഫയറിങ്, ബ്രേക്കിംഗ് ഉയർന്നിരിക്കുന്ന സീറ്റിങ് പൊസിഷൻ എല്ലാം അങ്ങനെ തന്നെ തുടരുമ്പോൾ മാറ്റം വന്നിരിക്കുന്ന ഭാഗങ്ങളിലേക്ക് നോക്കിയാൽ. റോഡ് മോഡൽ ആയതിനാൽ ഡ്യൂക്ക് 890 ആറിൽ കണ്ട മിഷ്ലിൻ പവർ ജി പി, 17 ഇഞ്ച് ടയറുകളാണ് ഇവനും.

ട്രാവൽ കുറച്ച് 200 ൽ നിന്ന് 180 എം എമ്മിലേക്ക് സസ്പെൻഷൻ എത്തിച്ചിട്ടുണ്ട്. ഒപ്പം റോഡിന് കൂടുതൽ സപ്പോർട്ട് നൽകുന്നതിനായി സസ്പെൻഷൻ ആംഗിളിലും സ്വിങ് ആമിലും ക്രമീകരണകൾ നടത്തിയിട്ടുണ്ട്.
കാടിനേക്കാളും ഇഷ്ട്ടം റോഡ് ആയതിനാൽ ഫ്യൂൽ ടാങ്കിൻറെ ശേഷി 15.8 ലിറ്റർ ആക്കി. സാഹസികനിൽ അത് 20.4 ലിറ്റർ ആണ്.
എൻജിൻ അതേ 889 സിസി പാരലൽ ട്വിൻ സിലിണ്ടർ എൻജിൻ തന്നെ തുടരുമ്പോൾ. കരുത്തിലും മാറ്റമില്ല അതെ 105 എച്ച് പി കരുത്തും 100 എൻ എം ടോർക്കുമാണ് ഇവിടെയും. ഇലക്ട്രോണിക്സിലും ഒരു കുറവും നൽകിയിട്ടില്ല. 4 റൈഡിങ് മോഡ്, ട്രാക്ഷൻ കണ്ട്രോൾ, കോർണേറിങ് എ ബി എസ്, സൂപ്പർ മോട്ടോ മോഡ്, 5 ഇഞ്ച് ട്ടി എഫ് ട്ടി ഡിസ്പ്ലേ എന്നിവ അടങ്ങുന്നതാണ് സ്റ്റാൻഡേർഡ് ഇലക്ട്രോണിക്സ് ലിസ്റ്റ്. ഇതിനൊപ്പം ക്വിക്ക് ഷിഫ്റ്റർ, ക്രൂയിസ് കണ്ട്രോൾ, ബ്ലൂട്ടുത്ത് കണക്റ്റിവിറ്റി, നാവിഗേഷൻ, നോട്ടിഫിക്കേഷൻ അലേർട്ട് എന്നിവ ആവശ്യാനുസരണം തിരഞ്ഞെടുക്കാം.

ഭാരം നോക്കിയാൽ മുകളിലെ വെട്ടി കുറക്കലുകൾ എല്ലാം കഴിഞ്ഞപ്പോൾ ഏകദേശം 6 കെ ജി കുറവുണ്ട് എസ് എം ട്ടി ക്ക്. ഇപ്പോൾ 194 കെ ജി യാണ് ഭാരം. 21.7 ഇന്ധനക്ഷമത അവകാശപ്പെടുന്ന ഇവൻറെ വില ഇപ്പോൾ പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യയിൽ എത്തുന്ന കാര്യം സംശയമാണ്. എന്നാൽ ഇന്ത്യയിൽ ഇവനൊരു എതിരാളി ഉണ്ട് താനും. അത് ബി എം ഡബിൾ യൂവിൻറെ എഫ് 900 എക്സ് ആർ ആണ്.
Leave a comment