ജാപ്പനീസ് ഇരുചക്ര നിർമ്മാതാക്കളായ ഹോണ്ടയുടെ 2022 ലെ വലിയ ഡിസ്‌കൗണ്ടുകളാണ് ഇവിടെ അവതരിപ്പിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും വലിയ രണ്ടാമത്തെ ഇരുചക്രനിർമ്മാതാവായ ഹോണ്ട . പ്രീമിയം മോഡലുകൾ വിൽക്കുന്നതിന് വേണ്ടി ബിഗ് വിങ് ഷോറൂമുകൾ ഇപ്പോൾ നിറ സാന്നിധ്യമാണ്. ഇവിടെ തന്നെയാണ് കഴിഞ്ഞ വർഷത്തെ വലിയ ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ചതും.
വിലയിടൽ പാളിയപ്പോൾ
ഇന്ത്യയിൽ 2022 ഫെബ്രുവരിയിലാണ് ഹോണ്ടയുടെ ആദ്യ ഡിസ്‌കൗണ്ട് പൊട്ടിക്കുന്നത്. ഇന്ത്യയിൽ വലിയ വിലയായി എത്തിയ ഹോണ്ടയുടെ ആദ്യ 500 സിസി ഇരട്ട സിലിണ്ടർ സി ബി 500 എക്സ് 2021 മാർച്ചോടെയാണ് എത്തിയത്. ഇന്ത്യയിൽ വലിയ ജനസ്വീകാര്യത ലഭിക്കാതെ വന്നതോടെ പതിനൊന്ന് മാസങ്ങൾക്കിപ്പുറം 108,000 രൂപയുടെ ഡിസ്‌കൗണ്ട് നൽകി. ഇതോടെ 5.79 ലക്ഷം രൂപയായി ഡൽഹിയിലെ എക്സ് ഷോറൂം വില. പിന്നെ ആ വിലയിൽ നിന്ന് പിന്നോട്ടോ മുന്നോട്ടോ പോയിട്ടില്ല.
ഇതിനൊപ്പം ഹോണ്ടയുടെ ഇന്റർനാഷണൽ മാർക്കറ്റിലുള്ള കൂടുതൽ 500 സിസി മോഡലുകൾ ഇന്ത്യയിൽ നിർമ്മിക്കാനും അതിലൂടെ ആകർഷണീയമായ വിലയിൽ വിപണി എത്തിക്കാനും ഹോണ്ടക്ക് പദ്ധതിയുണ്ട്.

സൂപ്പർ താരത്തിന് സൂപ്പർ ഡിസ്‌കൗണ്ട്
ഫെബ്രുവരി കഴിഞ്ഞ് മാർച്ച്, ഏപ്രിൽ 1 ന് തന്നെ അടുത്ത ഡിസ്‌കൗണ്ട് വന്നു. ഹോണ്ടയുടെ ഫ്ലാഗ്ഷിപ്പ് മോട്ടോർസൈക്കിൾ ആയിരുന്ന സി ബി ആർ 1000 ആർ ആർ ആറിനാണ് ഇന്ത്യയിൽ വച്ച് തന്നെ ഏറ്റവും വലിയ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചത് 10 ലക്ഷം !!!. ഇന്ത്യയിൽ ഈ നിരയിൽ വിലകൂടുതലുള്ള ഇറ്റാലിയൻ താരങ്ങളെ കവച്ചു വക്കുന്ന ഏറ്റവും കരുത്തുറ്റ എൻജിൻ ആണെങ്കിലും. വിലയിൽ ഞെട്ടിച്ചാണ് ആർ ആർ ആർ എത്തിയത്. 33.56 ലക്ഷം വിലയിട്ട ഫ്ലാഗ്ഷിപ്പ് താരം പൊടി പിടിപ്പിച്ച് മൂലയിൽ ഇരിപ്പായതോടെ ഇറക്കി വിടാനാണ് ഇത്ര വലിയൊരു വില കിഴിവ് നൽകിയത്. ഇപ്പോഴും വിലയിൽ മാറ്റമില്ലാതെ തന്നെ തുടരുന്നു. കൊച്ചിയിലെ എക്സ് ഷോറൂം വില 24.10 ലക്ഷം രൂപയാണ്. ഇതിനൊപ്പം കൂടുതൽ കരുത്തുള്ള ആർ ആർ ആർ അണിയറയിൽ ഉണ്ടെന്നും വാർത്തകളുണ്ട്.

ലിമിറ്റഡ് പീരീഡ് ഓഫർ
അങ്ങനെ അവസാന മാസമായ ഡിസംബറിലാണ് അടുത്ത വില കിഴിവ് പ്രഖ്യാപിക്കുന്നതും. ഇന്ത്യയിൽ എത്തിയിട്ട് ആറു മാസം തികയും മുൻപ് 50,000/- രൂപ ഡിസ്‌കൗണ്ട് നൽകി സി ബി 300 എഫ്. പ്രീമിയം നിരയിലെ കമ്യൂട്ടർ എന്ന രീതിയിൽ എത്തിയ ഇവന് 293 സിസി, ഓയിൽ കൂൾഡ് എൻജിനായിട്ട് കൂടി വില ഉണ്ടായിരുന്നത് 2.26 ലക്ഷം രൂപയായിരുന്നു. ഇപ്പോൾ 1.76 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില.
എന്നാൽ മുൻപ് പരിചയപ്പെട്ട മോഡലുകൾ എല്ലാം ആയുഷ് കാല ഡിസ്‌കൗണ്ട് നൽകുന്ന ഹോണ്ട സി ബി 300 എഫിന് ഡിസംബർ മാസത്തിൽ മാത്രമാണ് ഈ വില കിഴിവ് നൽകുന്നത്. ഇതിനൊപ്പം കവാസാക്കി, ഓല, എഥർ എന്നിവരും ഡിസംബറിൽ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Leave a comment