2010 ൽ ഹീറോയും ഹോണ്ടയും പിരിയുന്നു. ഹോണ്ട പിരിഞ്ഞു പോയതോടെ ഹീറോ മോട്ടോ കോർപ്പ് എന്നാക്കിയ പേരിലായി പിന്നെയുള്ള പ്രവർത്തനം. കരിസ്‌മ തുടങ്ങിയ മോഡലുകൾ എല്ലാം അതേ പേരിൽ തന്നെ വിപണിയിൽ എത്തിയെങ്കിലും. പിന്നെയാണ് ഇന്ത്യൻ വിപണിയിൽ വലിയൊരു പൊട്ടിതെറി ഉണ്ടാക്കുന്നത്.
വിദേശ കടന്ന് കയറ്റം
കഴിഞ്ഞ കുറച്ചു വർഷങ്ങളായി പതുക്കെ പച്ച പിടിക്കുന്ന പെർഫോമൻസ് സെഗ്മെന്റിൽ പെട്ടെന്ന് തന്നെ കുറെയധികം താരങ്ങൾ മുളച്ചു പൊന്തി, അതും ഇന്റർനാഷണൽ താരങ്ങൾ. ഹീറോക്ക് കാണിച്ചു കൊടുക്കാൻ തന്നെ പെർഫോമൻസ് വിപണിയിൽ ആദ്യം എത്തിയത് ഹോണ്ടയുടെ ലിക്വിഡ് കൂൾഡ് എഞ്ചിനുമായി എത്തിയ സൂപ്പർ താരമായിരുന്നു.

2011 ൽ സി ബി ആർ 250 ആർ പിന്നാലെ തന്നെ കുനുമേൽ കുരുവായി സി ബി ആർ 150 ആർ. 2012 മുതൽ കെ ട്ടി എം പട, അത് കഴിഞ്ഞ് ബജാജ് ലിക്വിഡ് കൂൾഡ് എൻജിനുമായി 200 സിസി ട്രിപ്പിൾ സ്പാർക്ക് മോഡലുകൾ. എന്നിങ്ങനെ ആകെ പൊടിപൂരമായിരുന്നു ഇന്ത്യൻ എൻട്രി ലെവൽ സ്പോർട്സ് ബൈക്ക് വിപണി.
എതിരാളികൾ എന്ത് ചെയ്യുന്നു
ഇത് മണത്തറിഞ്ഞ യമഹ തങ്ങളുടെ ആർ 15 നെ ഒന്ന് ഇന്റർനാഷണൽ താരമാക്കാൻ തീരുമാനിച്ചിരുന്നു. ആർ 15 ൻറെ ആദ്യ തലമുറയുടെ പോരായ്മയും അത് തന്നെ ആയിരുന്നു. മുന്നിൽ നിന്ന് നോക്കിയാൽ ഒരു ആർ 1 ഛായ ഉണ്ടെങ്കിലും. പിൻ സെക്ഷൻ നോക്കിയാൽ ഒരു 100 സിസി ബൈക്കിൻറെ ഭംഗിയെ അന്ന് ആർ 15 ന് ഉണ്ടായിരുന്നുള്ളു.

ആ പോരായ്മയാണ് വേർഷൻ 2 എത്തിയപ്പോൾ യമഹ മാറ്റിയത്. മുന്നിലും പിന്നിലും ഒരു സൂപ്പർ താരമാക്കി യമഹ ഇവനെ. ഉയർന്നിരിക്കുന്ന സ്പ്ലിറ്റ് സീറ്റ്, ടൈൽ സെക്ഷൻ എന്നിങ്ങനെ രൂപത്തിൽ ഞെട്ടിച്ചെങ്കിലും, എൻജിനിൽ വലിയ മാറ്റങ്ങൾ ഉണ്ടായില്ല.
എന്നാൽ അടുത്ത എതിരാളി പൾസർ 220 ആണല്ലോ അവിടെ ഒരു മാറ്റവും കൊണ്ടുവന്നില്ല ബജാജ്. കാരണം ആ വിലക്ക് അങ്ങനെ ഒരു സ്പോർട്സ് ബൈക്ക് ഒരു ഇന്റർനാഷണൽ കമ്പനിക്കും കൊണ്ടുവരാൻ പറ്റില്ല എന്ന് ബജാജിന് നന്നായി അറിയാം.
അപ്പോൾ സേഫ് ആയെങ്കിലും, വെറുതെ ഇരിക്കാൻ ബജാജ് തിരുമാനിച്ചിരുന്നില്ല. കെ ട്ടി എം മായി ചേർന്ന് തങ്ങളുടെ പുതിയ തലമുറ എൻജിനെ ഒരുക്കി എടുത്തു. കെ ട്ടി എം എൻജിൻ ആണെങ്കിലും ഇന്ത്യക്ക് വേണ്ടിയുള്ള എല്ലാ മസാലകളും അതിൽ ചേർത്താണ് മുകളിൽ പറഞ്ഞ 200 സിസി മോഡലിനെ ഒരുക്കിയത്.
പിടിച്ചു പിടിച്ചില്ല
എന്നാൽ ആദ്യം രാജാവായി വാണിരുന്ന ഹീറോ എന്ത് ചെയ്യണെമെന്ന് അറിയാതെ ചക്രശ്വാസം വലിക്കുകയാണ് ഈ കാലഘട്ടത്തിൽ. കാരണം കരുത്ത് പകർന്നിരുന്ന ഹോണ്ട തങ്ങളെ വിട്ട് പോയല്ലോ. പെർഫോമൻസ് നിരയിൽ മങ്ങിയെങ്കിലും ഹോണ്ടയുമായി ചേർന്ന് പടുത്തുയർത്തിയ ഇന്ത്യൻ മാർക്കറ്റ്.
ലാഭകരമായി എങ്ങനെ കൊണ്ടുപോകണെമെന്ന് നന്നായി അറിയാം ഹീറോക്ക്. അത് നമ്മൾ 13 വർഷങ്ങൾക്കിപ്പുറവും കാണുന്ന കാര്യം ആണല്ലോ. എന്നാലും പെർഫോമൻസ് വിപണിയിലെ ഈ വളർച്ച ഒരു വിങ്ങലായി ഹീറോയുടെ മനസ്സിൽ കിടക്കുന്നുണ്ടായിരുന്നു.
Leave a comment