അമേരിക്കൻ പ്രീമിയം ഇരുചക്ര നിർമ്മാതാവായ ഹാർലി ഡേവിഡ്സൺ വലിയൊരു തിരിച്ചുവരവിന് ഒരുങ്ങുകയാണ്. അതിനായി കുന്തമുനയായി നിൽക്കുന്നത് ചെറിയ മോഡലുകളാണ്. 350, 500 ഇരട്ട സിലിണ്ടർ മോഡലുകൾ ചൈന, അമേരിക്കൻ വിപണിയെ ലക്ഷ്യമിട്ട് അവതരിപ്പിച്ചപ്പോൾ ഇന്ത്യയിൽ എത്തുന്നത് പുതിയൊരു താരമാണ്.
ഹീറോ ഏറെ നാളായി കൊതിപ്പിക്കുന്ന എക്സ്പൾസ് 420 യുടെ ഹൃദയം തന്നെയായിരിക്കും ഇവനിലും ജീവൻ നൽകാൻ സാധ്യത. എന്നാൽ പുറത്ത് വന്നിരിക്കുന്ന ചിത്രങ്ങളിൽ എയർ / ഓയിൽ കൂൾഡ് എൻജിനാണ്. പഴമ തോന്നിക്കാനായി മോജോയുടെ എൻജിൻ ജാവയിൽ എത്തിയപ്പോൾ ഉണ്ടായതു പോലെയുള്ള മാറ്റമായിരിക്കും ഇവിടെയും ഉണ്ടാകുക.

എയർ കൂൾഡ് എൻജിൻ പോലെ തോന്നുന്ന ലിക്വിഡ് കൂൾഡ് എൻജിനാകും ഇവിടെയും എത്തുന്നത്. എന്നാൽ ഇന്റർനാഷണൽ മാർക്കറ്റിൽ എത്തിയ ഇരട്ട സിലിണ്ടറിന് പകരം സിംഗിൾ സിലിണ്ടർ എൻജിനാണ് ഇവന് എന്നതാണ് വലിയ വ്യത്യാസം വരാൻ പോകുന്ന കാര്യം.
മറ്റൊരു ക്ലൂ കിട്ടിയിരിക്കുന്നത് മീറ്റർ കൺസോളിലാണ്. ക്ലാസ്സിക് രീതിയിൽ തന്നെ ഒറ്റ റൌണ്ട് മീറ്റർ കൺസോളിൽ. 8000 ആർ പി എം വരെ മാത്രം റീഡിങ് ഉള്ള ട്ടക്കോ മീറ്റർ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് വിരൽ ചൂണ്ടുന്നത് ഹാർലിയുടെ ടോർകി എൻജിൻ സ്വഭാവം ഇവിടെയും എത്താൻ വലിയ സാധ്യതയുണ്ട്. എന്നാൽ ഇപ്പോൾ കരുത്ത്, ടോർക് തുടങ്ങിയ കാര്യങ്ങളെ കുറിച്ച് വിവരങ്ങൾ ഒന്നും ലഭ്യമല്ലെങ്കിലും.

സസ്പെൻഷൻ, ബ്രേക്കിംഗ്, ടയർ തുടങ്ങിയ കാര്യങ്ങൾ ചാരകണ്ണിൽ പ്പെട്ടിട്ടുണ്ട്. സസ്പെൻഷൻ മുന്നിൽ യൂ എസ് ഡി ഫോർക്കും പിന്നിൽ ഡ്യൂവൽ ഷോക്ക് അബ്‌സോർബേർസും എത്തിയപ്പോൾ. ബ്രേക്കിങ്ങിനായി ഇരു അറ്റത്തും ബൈബ്രി ഒരുക്കുന്ന സിംഗിൾ ഡിസ്ക് ബ്രേക്കുകളാണ്.
സിയറ്റ് സൂം ക്രൂയിസ് ടയറുകളാണ്. 100/90 – 18 ഇഞ്ച് മുന്നിലും പിന്നിൽ 140/70-17 ഇഞ്ചു ടയറുകളുമാണ്. ട്യൂബ്ലെസ്സ് ടയറിന് കൂട്ടായി അലോയ് വീലും എത്തിയിട്ടുണ്ട്. ഡിസൈൻറെ കൂടുതൽ വിശേഷങ്ങൾ ഒന്നും ലഭ്യമല്ലെങ്കിലും ഒരു റോഡ്സ്റ്റർ മോഡലാണ് അണിയറയിൽ ഒരുങ്ങുന്നത് എന്ന് വ്യക്തം.
അധികം വൈകാതെ വിപണിയിൽ എത്തുന്ന കുഞ്ഞൻ ഹാർലിക്ക് 2.5 – 3 ലക്ഷം രൂപവരെയായിരിക്കും ഇന്ത്യയിലെ എക്സ് ഷോറൂം വില. ഈ എൻജിൻ തന്നെ ചെറിയ മാറ്റങ്ങളുമായി എക്സ്പൾസ് 420 യിലും പ്രതിക്ഷിക്കാം.
Leave a comment