ഇന്ത്യയിൽ ചൈനീസ് ഇരുചക്ര നിർമ്മാതാക്കൾ ഇറക്കുന്ന മോഡലുകൾ എല്ലാം നമ്മുക്ക് അത്ര പരിചിതമായ മോഡലുകൾ അല്ല. അത് പോലെ തന്നെ ഓട്ടോ എക്സ്പോ 2023 ൽ ഒരിടിവെട്ട് സിംഗിൾ സിലിണ്ടർ ക്രൂയ്സറിന് ശേഷം ഒരാൾ കൂടി ആ പവിലിയനിൽ ഉണ്ടായിരുന്നു. സോൺറ്റെസ്സിൻറെ സൂപ്പർ മോട്ടോ . നമ്മുടെ നാട്ടിൽ വലിയ ബൈക്കുകളിൽ മാത്രം കണ്ടിരുന്ന സൂപ്പർ മോട്ടോ. എന്നാൽ ഹൈബ്രിഡ് സൂപ്പർ മോട്ടോയാണ് ഇന്ത്യയിൽ എത്തുന്നത്.
സോൺറ്റെസ്സ് യൂ 1, 200 എന്ന് പേരിട്ടിട്ടുള്ള സൂപ്പർ മോട്ടോ മോഡൽ. സൂപ്പർ മോട്ടോയുടെ ചേരുവകൾക്കൊപ്പം നേക്കഡ് സ്ട്രീറ്റ് ഫൈറ്ററും കൂട്ടിയാണ് എത്തുന്നത്. ഡിസൈനിലേക്ക് നീങ്ങിയാൽ ഉയർന്ന് നിൽക്കുന്ന മുൻ മഡ്ഗാർഡ്, ആൻഗ്രി ബേർഡിനോട് സാമ്യമുള്ള ഹെഡ്‍ലൈറ്റ്, ഉയർന്ന ഹാൻഡിൽ ബാർ വരെ സൂപ്പർ മോട്ടോയുടെ കൂട്ടുപിടിച്ചാണ് എത്തിയിരിക്കുന്നത്. അവിടെ നിന്ന് അങ്ങോട്ട് നേക്കഡ് ബൈക്കിനോടാണ് സാമ്യം. മസിൽ പെരുപ്പിച്ച ഇന്ധനടാങ്ക്, നേക്കഡ് സ്പോർട്ട് ബൈക്കുകളുടേത് പോലെയുള്ള സ്പ്ലിറ്റ് സീറ്റ് എന്നിങ്ങനെ ഒരു പ്രയോഗിക ഡിസൈൻറെ ഒപ്പമാണ്.
താഴോട്ട് ഇറങ്ങുമ്പോൾ സോൺറ്റെസിൻറെ പതിവ് 350 സിസി എൻജിനല്ല ഇവന് ജീവൻ പകരുന്നത്. സൂപ്പർ മോട്ടോ ബൈക്കുളുടേത് പോലെയുള്ള ഹൃദയം ആളിക്കുന്ന കരുത്തും ഇവന് അവകാശപ്പെടാനില്ല. 198 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എൻജിനായിട്ട് കൂടി 21.5 പി എസ് കരുത്തും 19 എൻ എം ടോർക്കും മാത്രമാണ് ഇവൻ ഉല്പാദിപ്പിക്കുന്നത്. മുന്നിലും പിന്നിലും സിംഗിൾ ഡിസ്ക് ബ്രേക്കുകൾ, യൂ എസ് ഡി ഫോർക്ക്, മോണോ സസ്പെൻഷൻ, സ്പോക്ക് വീലുകൾ, ഡ്യൂവൽ പർപ്പസ് ട്യൂബ്ലെസ്സ് ടയർ, എന്നിങ്ങനെ കുറച്ച് പ്രീമിയം ആണ് കക്ഷി. ഇന്ത്യയിൽ ഈ വർഷം തന്നെ ഇവനെയും പ്രതീഷിക്കാം.
Leave a comment